ഒമാന്‍: ലോകത്തിന്റെ സമസ്തമേഖലയിലും സമാധാനത്തിനായി നിലകൊണ്ട ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്ദ് അല്‍ സയ്‌ദെന്ന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗുബ്ര സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ചേര്‍ന്ന യോഗത്തില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ള  ആയിരങ്ങളാണ് പങ്കെടുത്തു. പരിശുദ്ധ ഖുര്‍ ആനില്‍ നിന്നുള്ള ഭാഗം പാരായണം ചെയ്തുകൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. 

രാജ്യാന്തര നയതന്ത്രരംഗത്ത് തുടര്‍ച്ചയായി മികച്ച സംഭാവന നല്‍കുകയും ഇന്ത്യയും ഒമാനുമായുള്ള ബന്ധം പ്രത്യേകിച്ച്  ശക്തമാക്കുകയും ചെയ്ത മഹാനായ ഭരണാധികാരിയുടെ വിയോഗത്തില്‍  ഒമാനിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാകേഷ് അഡ്‌ലാഖ, അഗാധമായ ദുഃഖം അറിയിച്ചു. 

അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് ഒമാന്റെ മഹാനായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വത്തില്‍ രാജ്യം കൈവരിച്ച അദ്ഭുതകരമായ നേട്ടത്തെ  അനുസ്മരിച്ചുകൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വൈസ് ചെയര്‍മാന്‍ ഡോ.സി.എം. നജീബ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
  
ഇന്ത്യന്‍ സമൂഹം ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസികള്‍ക്കും സംരക്ഷണവും സൗകര്യവും ഉറപ്പാക്കാന്‍ യത്‌നിച്ച ഒരു വലിയ മനുഷ്യസ്‌നേഹിയും കാരുണ്യവാനുമായ മഹദ് വ്യക്തിയുടെ  വിയോഗം നികത്താനാകാത്തതായി അനുഭവപ്പെടുന്നുവെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരില്‍ അഗാധമായ ദുഃഖം അറിയിക്കുന്നുവെന്നും പ്രസിഡന്റ് അഹമ്മദ് റയീസ് പറഞ്ഞു. എന്നിരുന്നാലും മഹിമയുടെ ദര്‍ശനവും ഭാവിയുടെ വെളിച്ചവുമായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിന്റെ നേതൃത്വം നിലകൊള്ളും.

മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സുനില്‍ കാട്ടകത്ത്, വൈസ് പ്രിന്‍സിപ്പല്‍ ജി ശ്രീകുമാര്‍, പ്യാരിജ  സിദാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ കണ്ട എല്ലാ അയല്‍ രാജ്യങ്ങളുടെയും മധ്യസ്ഥനായിരുന്ന മഹാനായ രാജ്യസ്‌നേഹിയെ അനുസ്മരിച്ചുകൊണ്ട്  വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.