കൊച്ചി: ഇനിയൊരിക്കലും ചലിക്കില്ലെന്നു വിചാരിച്ച കൈകൊണ്ട് സഹോദരിയെ മുറുകെപ്പിടിച്ച് സാവധാനം നടക്കാൻ ശ്രമിക്കുമ്പോഴും ആയിഷയുടെ കണ്ണുകൾ ആകാശത്താണ്. നഷ്ടപ്പെട്ടെന്നുകരുതിയ ജീവൻ തിരികെപ്പിടിച്ച്, എട്ടുമക്കളുടെയും ഭർത്താവിന്റെയും അരികിലണയാനുള്ള മോഹം സാക്ഷാത്കരിക്കാൻ ആ വിമാനം വരുന്നുണ്ടോ? ആയിഷയുടെ കാത്തിരിപ്പ് അധികംനീളില്ലെന്ന് ഉറപ്പിച്ച് ഒമാനിൽനിന്ന് സന്ദേശമെത്തി.

മരണം മുന്നിലെത്തിയെന്നുതോന്നിച്ച രോഗത്തെ അതിജീവിച്ച് ജീവിതം തിരികെപ്പിടിക്കാൻ ആയിഷ സലിം മുഹമ്മദ് അൽ ഗീലാനി എന്ന ഒമാൻ യുവതിക്ക്‌ തുണയായത് കേരളമാണ്. കഴിഞ്ഞവർഷം ഡിസംബറിലാണ് ആയിഷ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയ്ക്കെത്തിയത്. ഒമാനിൽ ലോവർ പ്രൈമറി സ്കൂൾ അധ്യാപികയായിരുന്ന ആയിഷയ്ക്കു അവിടെവെച്ച് കാലിന് വേദന വന്നതായിരുന്നു രോഗത്തിന്റെ തുടക്കം.

അതുമാറാൻ ചെയ്ത ശസ്ത്രക്രിയയ്ക്കൊടുവിൽ കാലിൽ രക്തം കട്ടപിടിച്ചു. പിന്നീട് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടവും കുറഞ്ഞു. ഇതിനിടയിൽ ഹൃദയസ്തംഭനവുണ്ടായി. ആയിഷ മരണത്തിലേക്കു നീങ്ങുകയാണെന്നാണ് അവിടത്തെ ഡോക്ടർമാർ വിധിയെഴുതി. ശരീരം തളർന്ന്‌ കിടപ്പിലായ ആയിഷയെ മൂക്കിലും തൊണ്ടയിലും വയറിലും ട്യൂബ് ഘടിപ്പിച്ച് അതിഗുരുതരമായ നിലയിലാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചത്.

ആസ്റ്ററിൽ ഡോ. കെ.എം. മാത്യുവിന്റെ നേതൃത്വത്തിൽ മാസങ്ങൾനീണ്ട ചികിത്സയ്ക്കൊടുവിലാണ് ആയിഷ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ തുടങ്ങിയത്. ഡിസംബറിൽ തുടങ്ങിയ ചികിത്സ ഫലപ്രദമായി വരുമ്പോഴാണ് ലോക്‌ ഡൗൺ പ്രഖ്യാപനം. ഇവിടെ കുടുങ്ങിയ ആയിഷയെ നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കണമെന്ന് ഭർത്താവ് ജുമാ ബിൻ സലിം ബിൻ മുസ്‌ലിം അൽ ഖത്തിരി ഒമാൻ ഭരണകൂടത്തോട് അപേക്ഷിച്ചു.

സൈനികനായി വിരമിച്ച സലിം ബിൻ ഖത്തിരി രാജ്യത്തിനുവേണ്ടി ചെയ്ത സേവനവും എട്ടുമക്കളുടെ അമ്മയാണ് ആയിഷ എന്നകാര്യവും കണക്കിലെടുത്ത ഒമാൻസർക്കാർ, സൈന്യത്തോടുതന്നെ ആയിഷയെ തിരികെയെത്തിക്കാൻ നിർദേശിച്ചു. ഈയാഴ്ച അവസാനത്തോടെ ഒമാൻ മിലിട്ടറിവിമാനം കേരളത്തിലെത്തും.

മകൻ ഹസ്സ സലിം മുസ്‌ലിം അൽ ഖത്തിരിയും സഹോദരി ഷൈഖയുമാണ് ആശുപത്രിയിൽ ആയിഷയ്ക്കൊപ്പമുള്ളത്. ‘‘നിങ്ങളുടെ നാടാണ് എനിക്ക് ജീവിതം തിരികെത്തന്നത്. എല്ലാവരോടും നന്ദിയുണ്ട്. എത്രയുംപെട്ടെന്ന് നാട്ടിലെത്തി കുഞ്ഞുങ്ങളെ കാണണം’’ -ആയിഷ പറഞ്ഞു.