പുതിയ തൊഴിൽനിയമം അന്തിമഘട്ടത്തിൽ

മസ്കറ്റ് : വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് ഒമാൻ തൊഴിൽമന്ത്രാലയം കൂട്ടി. സീനിയർ ലെവൽ, മിഡിൽ ലെവൽ, ടെക്‌നിക്കൽ, സ്പെഷ്യലൈസ്ഡ് മേഖലകൾ തുടങ്ങി എട്ടുവിഭാഗങ്ങളിലെ തസ്തികകളിലാണ് നിരക്ക് വർധിപ്പിക്കുക.

ഉയർന്ന തസ്തികകളിൽ വിദേശത്തൊഴിലാളികളെ നിയമിക്കുന്നതിനാണ് കൂടുതൽ ചെലവുവരിക. ഇത്തരം കമ്പനികൾ 2001 റിയാൽവരെ (ഏകദേശം 3,80,000 രൂപ) തൊഴിൽമന്ത്രാലയത്തിന് നൽകേണ്ടിവരും. മിഡിൽ ലെവൽ തസ്തികകളിൽ ഫീസ് നിരക്ക് 1001 റിയാൽ ആക്കാനാണ് (ഏകദേശം 1,90,000 രൂപ) ധാരണ. സ്പെഷ്യലൈസ്ഡ് അല്ലെങ്കിൽ ടെക്‌നിക്കൽ തസ്തികകളിൽ 601 റിയാലും (ഏകദേശം 1,14,000 രൂപ) മത്സ്യത്തൊഴിലാളികൾക്ക് 361 റിയാലും (ഏകദേശം 68,500 രൂപ) ചെലവാകും. തസ്തികകളിൽ പെടാത്ത വിഭാഗങ്ങളിൽ വിസനിരക്ക് 301 റിയാലായി (ഏകദേശം 57,000 രൂപ) തുടരും. തൊഴിലാളികളുടെ വിവരങ്ങളിൽ മാറ്റംവരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാൽവീതം (ഏകദേശം 950 രൂപ) നൽകണം. പുതിയ ഫീസ് നിരക്ക് എപ്പോൾ പ്രാബല്യത്തിലാകും എന്നതുസംബന്ധിച്ചും തസ്തികകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ഒമാൻ നടപ്പാക്കാൻ പോകുന്ന തൊഴിൽ നിയമം അന്തിമഘട്ടത്തിലാണ്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യമോ നിയമം നിലവിൽവരും. സിവിൽ സർവീസ് നിയമത്തിലും മാറ്റങ്ങളുണ്ടാകും. നിലവിലുള്ള സ്പോൺസർ ടൈഡ് ലേബർ ക്ലിയറൻസിനും എംപ്ലോയ്‌മെന്റ് വിസ പ്രക്രിയയ്ക്കും പകരമായി പുതിയ തൊഴിൽ ആപ്ലിക്കേഷൻ സംവിധാനം ഏർപ്പെടുത്തും.

സ്വകാര്യ-സർക്കാർ മേഖലയിലെ വേതനം, സമയം എന്നിവ ഏകീകരിക്കുന്നതും ആലോചനയിലാണ്. സ്വദേശികളായ 70 ശതമാനം പേർക്ക് 2022 അവസാനത്തോടെ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി വരുംദിവസങ്ങളിൽ കൂടുതൽ നടപടികളെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനകംതന്നെ ഇതിനായി ഒട്ടേറെ നടപടികൾ രാജ്യം കൈക്കൊണ്ടിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ നഷ്ടമായ 2,72,126 പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു.