മസ്കറ്റ് : ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഒമാൻ അതിർത്തികൾ വീണ്ടും തുറക്കുന്നു. ഡിസംബർ 29-ന് ചൊവ്വാഴ്ച അർധരാത്രി 12 മുതൽ കര, സമുദ്ര, വ്യോമ അതിർത്തികൾ തുറക്കും. അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കും.

ഒമാനിലേക്ക് വരുന്നവർക്ക് കോവിഡ് പി.സി.ആർ. പരിശോധനഫലം നിർബന്ധമാണെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് കോവിഡ് പി.സി.ആർ. പരിശോധനാഫലം ഹാജരാക്കണം. എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്നവർക്കും ഇത് ബാധകമാണ്. ഒമാൻ വിമാനത്താവളത്തിലെത്തിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തും. ഏഴുദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാത്തവർക്ക് ക്വാറന്റീൻ നിർബന്ധമില്ലെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. ഒമാനിൽ അപ്രതീക്ഷിത നിയന്ത്രണം ഏർപ്പെടുത്തിയത് ഒട്ടേറെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.