മസ്കറ്റ്: ജനുവരി ഒന്നിനുശേഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടിനൽകാൻ ഒമാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു. സെപ്റ്റംബർ ഒന്നുമുതൽ എല്ലാതരത്തിലുമുള്ള വിസകളും അനുവദിച്ചുതുടങ്ങുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മുൻപ് നൽകിയിരുന്ന നടപടിക്രമങ്ങൾക്കനുസരിച്ചായിരിക്കും പുതിയ വിസകൾ നൽകുന്നത്. 2021 ജനുവരി തുടക്കംമുതൽ നൽകിയ വിസകളുടെ കാലാവധി അധികഫീസ് ഈടാക്കാതെയാണ് വർഷാവസാനംവരെ നീട്ടിനൽകുകയെന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ് അധികൃതർ അറിയിച്ചു. അതേസമയം, പ്രവാസികൾക്ക് അവരുടെ വിസ പുതുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിസ പുതുക്കുന്നതിന് കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിൻ എടുക്കേണ്ടിവരും. താമസവിസ പുതുക്കുന്നതിനും വാക്സിൻ നിർബന്ധമാണ്.

പ്രവാസികൾക്ക്‌ തിരിച്ചെത്താൻ ഒറ്റ ഡോസ് വാക്സിൻ മതി

മസ്കറ്റ്: ഒമാനിൽനിന്ന് ഒറ്റ ഡോസ് വാക്സിൻ എടുത്ത് നാട്ടിൽപോയ പ്രവാസികൾക്ക് മടങ്ങിയെത്താം. ഇവർക്ക് ഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. ഒമാനിൽ വന്നിറങ്ങുമ്പോൾ വീണ്ടും കോവിഡ് പരിശോധന നടത്തണം. ഒമാനിലെത്തി അധികംവൈകാതെ ഇവർ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുകയും വേണം. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഒമാൻ സെപ്റ്റംബർ ഒന്നുമുതലാണ് നീക്കുന്നത്. ഒമാനിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ തീരുമാനം. ഏപ്രിൽ അവസാനവാരമാണ് ഒമാൻ ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്.