മസ്കറ്റ് : ഒമാനിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 45 വയസ്സിനുമുകളിലുള്ളവർക്ക് ജൂൺ 21 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വാക്സിൻ കാമ്പയിന്റെ ഭാഗമായി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഇതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂൺ 21-ന് തുടങ്ങി ജൂലായ് 15 വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാംഘട്ടം. നിലവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കിഡ്‌നി രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കുമാണ് ഒമാനിൽ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്. ജൂലായ് 16 മുതലാണ് മൂന്നാംഘട്ടം ആരംഭിക്കുക. ഈ ഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസമേഖലയിലെ മറ്റു ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. മേയ് 25 മുതലാണ് വാക്സിൻ കാമ്പയിൻ ഒമാനിൽ ആരംഭിച്ചത്. ഇത് ജൂലായ് വരെയുണ്ടാകും.

അതേസമയം, മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ച മുതൽ ആദ്യ ഡോസ് വാക്സിൻ നൽകിത്തുടങ്ങും. ആദ്യ ഡോസിനുശേഷം 10 ആഴ്ചയോ അതിൽക്കൂടുതലോ പൂർത്തിയായവർക്ക് രണ്ടാം ഡോസ് നൽകും. പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.