ദുബായ് : ഒമാനിൽ ഒമ്പതുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 557 പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.
ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,24,886 ലെത്തി. ആകെ മരണം 1444 ആണ്. പുതുതായി 488 പേർ കൂടി അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. ഇതുവരെ 1,16,354 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 93.2 ശതമാനമാണ്. 172 പേർ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 88 പേരുടെ നില ഗുരുതരമാണ്.
യു.എ.ഇ.യിൽ പുതുതായി 1153 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 634 പേർ രോഗമുക്തരാവുകയും ചെയ്തു. മൂന്നുപേർകൂടി രോഗംബാധിച്ച് മരിച്ചു. 92,147 പരിശോധനകളാണ് യു.എ.ഇ.യിൽ ഉടനീളം പുതുതായി നടത്തിയത്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,76,429 ആയി. ഇവരിൽ 159,132 പേരാണ് ഇതിനോടകം രോഗമുക്തരായത്. 592 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവിൽ 16,705 കോവിഡ് രോഗികൾ രാജ്യത്തുണ്ട്.
ഖത്തറിൽ 125 പേർക്കുകൂടി കോവിഡ്. 216 പേർക്ക് രോഗമുക്തി. നിലവിൽ 2393 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 33 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 1,39,908 പേരാണ് നിലവിൽ കോവിഡ് പോസിറ്റീവ് ആയത്. ഇവരിൽ 1,37,276 പേർ കോവിഡ് മുക്തി നേടുകയും ചെയ്തു. ആകെ മരണം 239.
സൗദി അറേബ്യയിൽ 187 പേരിൽ മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ആകെ വൈറസ് ബാധിതർ ഇതോടെ 3,58,713 ലെത്തി. 317 പേർകൂടി സുഖംപ്രാപിച്ചതോടെ ആകെ രോഗമുക്തി 3,48,879 ആയി. സൗദിയിൽ 11 പേർകൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5965 ലെത്തി. 3869 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 600 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 52, മക്ക 38, മദീന 33, കിഴക്കൻ പ്രവിശ്യ 25, അൽ ഖസീം 13 അസീർ 9, നജ്‌റാനിലും തബൂഖിലും നാലുവീതം, ജിസാൻ മൂന്ന്, അൽജൗഫിലും വടക്കൻ അതിർത്തിയിലും രണ്ടുവീതം, ഹായിലിലും അൽബാഹയിലും ഒന്ന് എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് സംഖ്യ.
കുവൈത്തിൽ 205 പുതിയ കോവിഡ് കേസുകളും രണ്ട് മരണവും സ്ഥിരീകരിച്ചു. 425 പേരാണ് പുതുതായി രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ആകെ വൈറസ് സ്ഥിരീകരിച്ച 1,44,369 പേരിൽ 1,40,035 പേരും സുഖം പ്രാപിച്ചുകഴിഞ്ഞു. ആകെ മരണം 891-ലെത്തി. 3443 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 81 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4102 പേരിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. ബഹ്‌റൈനിൽ നിലവിൽ 1515 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 10 പേരുടെനില ഗുരുതരമാണ്. 22 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. ആകെ രോഗമുക്തി 85,876. ആകെ മരണം 341.