മസ്‌കറ്റ് : രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാം. കൂടാതെ പള്ളികളിൽ 100 പേർക്കുവരെ ഒരേസമയം പ്രവേശിക്കാൻ അനുവദിക്കും. അഞ്ച് നേരത്തെ നിസ്കാര സമയങ്ങളിലായിരിക്കും പ്രവേശനം അനുവദിക്കുക. എന്നാൽ ജുമുഅക്ക് അനുമതിയുണ്ടാവില്ല.

വാണിജ്യസ്ഥാപനങ്ങളിൽ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്കും നീക്കി. കഫേ, ഹോട്ടൽ എന്നിവിടങ്ങളിൽ 50 ശതമാനംപേർക്ക് പ്രവേശിക്കാം. കര അതിർത്തിവഴി സ്വദേശികൾക്കും താമസക്കാരായ വിദേശികൾക്കും തൊഴിൽസംബന്ധിയായ കാര്യങ്ങൾക്കായി ദിവസവും യാത്രചെയ്യാം. ജിമ്മുകൾ 50 ശതമാനം ശേഷിയിൽ തുറക്കാം. വിവിധതരം എക്സിബിഷനുകൾ, വിവാഹഹാളുകൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. പൊതുബീച്ചുകളും പാർക്കുകളും പൊതുജനങ്ങൾക്കായി തുറക്കാനും സുപ്രീം കമ്മിറ്റി അനുമതി നൽകി.