ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ആശ്വാസമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്ക് നീക്കാന്‍ തുടങ്ങി. ജര്‍മനിക്ക് ശേഷം ഇന്ത്യന്‍ യാത്രികര്‍ക്ക് മാലദ്വീപും അതിര്‍ത്തി തുറന്ന് നല്‍കാന്‍ തീരുമാനിച്ചു.

ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ജൂലായ്‌ 15 മുതല്‍ മാലദ്വീപില്‍ പ്രവേശിക്കാം. വ്യാഴാഴ്ച മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മാലദ്വീപ് തലസ്ഥാനമായ മാലിയിലേക്ക് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് ഗോ എയര്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നേരത്തെ നിരവധി പ്രവാസികള്‍ മാലദ്വീപ് വഴി പോയിരുന്നു. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പിന്നീട് മാലദ്വീപും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

മാലദ്വീപില്‍ പ്രവേശിക്കുന്നിതിനുള്ള നിയമങ്ങള്‍

  • മാലദ്വീപില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്ല
  • അന്തര്‍ദേശീയ യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്.
  • പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാലദ്വീപ് ഇമിഗ്രേഷന്‍ പോര്‍ട്ടലില്‍ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫോം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
  • ഹോട്ടല്‍ ബുക്കിങ് സംബന്ധിച്ച വിവരങ്ങളും മടങ്ങി പോക്കിനുള്ള ടിക്കറ്റും കൈയില്‍ വേണം.