കുവൈത്ത്‌: എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഓവര്‍സീസ് എന്‍സിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന ചടങ്ങിന് പ്രസിഡന്റ്‌ ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി, ട്രഷറര്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് ബ്രൈറ്റ് വര്‍ഗ്ഗീസ്, യൂത്ത് വിംഗ് കണ്‍വീനര്‍ നോബിള്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

ശക്തമായ നേതൃത്വത്തിലൂടെ കേരളത്തിലെ എന്‍സിപിക്കാരെ നയിച്ചുകൊണ്ടിരുന്ന തോമസ് ചാണ്ടിയുടെ വിയോഗം നാഷണലിസ്റ്റ്  കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, കുവൈറ്റ് പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണെന്നും തികഞ്ഞ മനുഷ്യ സ്‌നേഹിയായ തോമസ് ചാണ്ടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയിലെ സേവനങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റില്ലെന്നും ഓവര്‍സീസ് എന്‍സിപി അനുശോചിച്ചു. 

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം  തിങ്കളാഴ്ച 1 മണിയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ജന്മദേശമായ കുട്ടനാട്ടിലേയ്ക്ക് കൊണ്ടുപോകും. 3 മണി മുതല്‍ 5 മണി വരെ ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുട്ടനാട്ടിലെ ചേന്നംകരിയിലെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 24-ാം തീയതി 2 മണിക്ക് ചേന്നംകരി സെന്റ്‌പോള്‍സ് മാര്‍ത്തോമ്മ പള്ളിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കും. 3 മണിക്ക് പള്ളി അങ്കണത്തില്‍ അനുശോചന സമ്മേളനവും നടക്കുമെന്ന് ഓവര്‍സീസ് എന്‍സിപി പ്രസ്താവനയില്‍ അറിയിച്ചു. 

Content Highlights; thomas chandy remembrance