കുവൈത്ത് സിറ്റി : ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് പറഞ്ഞു.
സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വൈകാതെ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പാര്‍ലമെന്റില്‍ അഭിപ്രായപെട്ടു. 16ാ-മത് കുവൈത്ത് പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കുന്നതും ആരുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്തതുമായ വിദേശനയമാവും കുവൈത്ത് ഭരണകൂടം സ്വീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വാതന്ത്ര്യം, നീതി, സമാധാനം, കൂടാതെ ആഗോള വ്യാപകമായി മനുഷ്യാവകാശം സംരക്ഷിക്കപ്പെടുക, ഇസ്‌ലാമിക മൂല്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയെ കുവൈത്ത് പിന്തുണക്കും.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ കെട്ടുറപ്പും ഐക്യവും ശക്തമാക്കുക മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ജി.സി.സി അംഗരാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനും ഊഷ്മളമായ സാഹോദരബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും കുവൈത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ പരിശ്രമവും തുടരുന്നതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.