കുവൈത്ത് സിറ്റി : ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍ കുവൈറ്റിലെന്ന് റിപ്പോര്‍ട്ട്. ലോക പുകവലി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കുവൈത്ത് സൊസൈറ്റി ഫോര്‍ സ്മോക്ക് ആന്‍ഡ് കാന്‍സര്‍ കണ്‍ട്രോള്‍ സംഘടിപ്പിച്ച സിംബോസിയത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

യുവാക്കളിലാണ് പുകവലി ശീലം കൂടുതലെന്നും ആരോഗ്യ വിഭാഗം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ പുകവലി ശീലം ആരംഭിക്കുന്നുണ്ട്. കൂടാതെ 2016 ലെ സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് 13 നും 15  വയസ്സിനു മിടയില്‍ പ്രായമുള്ള കുട്ടികളില്‍ 24 ശതമാനവും പുകവലിക്കുന്നവരാണ്. അതോടൊപ്പം 8 ശതമാനം പെണ്‍കുട്ടികളും പുക വലിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പുരുഷന്മാര്‍ പുകവലിക്കുന്നത് കുവൈത്തിലാണ്. 39.9 ശതമാനം പുരുഷന്മാരും 3 ശതമാനം വനിതകളും പുകവലിക്കാരാണെന്നു ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോക പുകവലി വിരുദ്ധ ദിനത്തില്‍ സിഗരറ്റ് വലിക്കുന്നവരുടെ മാത്രം കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട്.

ഹൂക്ക വലിക്കുന്നവരും വളരെ കൂടുതലാണ്. പുകവലി കാരണം മരണ നിരക്കും വളരെ കൂടുതലാണ് കുവൈത്തില്‍.