പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍, കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അറ്റ് ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങില്‍ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്  കുവൈറ്റി അഭിഭാഷകന്‍ യൂസഫ് ഖാലിദ് അല്‍ മുതൈറി, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, ട്രഷറര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ പങ്കെടുത്തു. 

കഴിഞ്ഞ ഡിസംബറിലാണ് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി, കുവൈറ്റ് നിയമമനുസരിച്ച് കൂടുതല്‍ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും  കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങള്‍ക്കായി 66957576 എന്ന മൊബൈല്‍ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക, ലോക്ക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ തിരിച്ചു നല്‍കുക, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുക, കുവൈറ്റ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക, കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇടപെട്ടതും

പ്രവാസി ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസുകള്‍ സുപ്രീം കോടതിയിലും കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയും പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കേരള ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസുകള്‍ നടത്തി പ്രവാസികള്‍ക്ക് അനുകൂലമായ വിധികള്‍ നേടിയതും പ്രവാസി ലീഗല്‍ സെല്ലാണ്. കുവൈറ്റിലും ചുരുങ്ങിയ കാലയളവില്‍ ധാരാളം പ്രവാസികള്‍ക്ക് ലീഗല്‍ സെല്‍വഴി നിയമപരമായ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്