കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര സര്‍ക്കാരിന്  നിവേദനം നല്‍കി

യാത്ര നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നിവേദനം നല്‍കി.

കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയിലും, മറ്റു രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ സാധുതയുള്ള റസിഡന്‍സ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളില്‍ വിദേശത്ത് തിരികെ പ്രവേശിക്കാനാകാതെ നാട്ടില്‍ തങ്ങുന്ന സാഹചര്യമാണുളളത്. കൂടാതെ ചില രാജ്യങ്ങള്‍ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അവരുടെ നാട്ടിലേക്ക് വരുന്നതിന് മുന്‍ഗണനയും ഒപ്പം ക്വാറന്റീന്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

നിലവില്‍ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച് ,വാക്‌സിനേഷന്റെ രണ്ടു ഡോസുകളും പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ കഴിയേണ്ടിവരുമെന്നതിനാല്‍ ഈ  അടിയന്തിര സാഹചര്യം പരിഗണിച്ച് പ്രവാസികള്‍ക്ക്  മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സ്വീകരിക്കണമെന്ന് നിവേദനത്തില്‍   പ്രവാസി ലീഗല്‍ സെല്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.