കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 

സംസ്ഥാന തലങ്ങളില്‍ രൂപപ്പെടുന്ന കൂട്ടുകെട്ടുകളിലൂടെ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കും. അതിനായി പ്രാദേശിക തലങ്ങളില്‍ വിവിധ കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു. കല കുവൈത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. 

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയ നാടകമായി മാത്രമേ ഇപ്പോള്‍ പാസായ സാമ്പത്തിക സംവരണത്തെ കാണാന്‍ സാധിക്കൂ. സാമ്പത്തിക സംവരണത്തെ സി.പി.എം എതിര്‍ക്കുന്നില്ല . അത്  നടപ്പാക്കിയ രീതിയെയാണ് സി.പി.എം ചോദ്യം ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ സംവരണം നടപ്പില്‍ വരുത്താന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ല. ഇതിനെ എളുപ്പത്തില്‍  കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് അറിഞ്ഞിട്ടും പെട്ടെന്നുള്ള ഈ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പി.യുടെ നാടകമായി  മത്രമേ കാണാന്‍ കഴിയൂ- അദ്ദേഹം വ്യക്തമാക്കി.