മസ്‌കത്ത്: തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നും ബുധനാഴ്ച രാവിലെ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളില്‍ മസ്‌കത്തിലെത്തിയ നൂറ്റമ്പതോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. രാജ്യത്തേക്ക് വിദേശികള്‍ക്ക് പ്രവേശനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയിരിക്കയാണ്.

കൊറോണ വ്യാപനം തടയാനായി വിദേശികളെ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ചൊവ്വാഴ്ച രാത്രി ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ വിമാനത്താവള അധികൃതര്‍ തീരുമാനം നടപ്പാക്കിയതാണ് യാത്രക്കാര്‍ക്ക് വിനയായത്. രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരത്തു നിന്നുള്ള എക്സ്പ്രസ് വിമാനമെത്തിയത്. പതിനൊന്ന് മണിക്ക് കൊച്ചിയില്‍ നിന്നുള്ള എക്സ്പ്രസ് വിമാനവും എത്തി. എന്നാല്‍ ഇരുവിമാനങ്ങളിലെയും യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തു വിട്ടില്ല. ഇവരെ എയര്‍ ഇന്ത്യാ എക്സ്പ്രസും കൈയൊഴിഞ്ഞു. യാത്രക്കാരെ ഇറക്കി വിമാനങ്ങള്‍ തിരിച്ചു പോയി. 

തുടര്‍ന്ന് ഇന്ത്യന്‍ എമ്പസ്സിയുടെ ഇടപെടലിനെ തുടര്‍ന്ന് എല്ലാവരെയും നാളെ പുലര്‍ച്ചെയുള്ള വിമാനത്തില്‍ തിരിച്ചയക്കാന്‍ ധാരണയായതായി ഇതിനു നേതൃത്വം നല്‍കിയ മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലെ ഉദ്ധ്യോഗസ്ഥര്‍ മാതൃഭൂമിയോട് പറഞ്ഞു. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഇടപെടലും ഇതിനു സഹായകമായി. എന്നാല്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും ചിലരെ എയര്‍പ്പോര്‍ട്ട് എമിഗ്രെഷന്‍ പുറത്ത് ഇറക്കിയിരുന്നു. സമാനമായ സാഹചര്യത്തില്‍ ദുബായില്‍നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന വിദേശികളെയും ഇന്ന് തിരിച്ചയച്ചിരുന്നു.

Content Highlights: passengers came to Oman  didn't get permission to enter country