കുവൈറ്റ്സിറ്റി: അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഓവര്‍സീസ് എന്‍സിപി ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്കു പോകാന്‍ അനുവദിച്ചിരുന്ന ഇളവാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇപ്പോള്‍ എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അടിയന്തരമായി നാട്ടിലേക്കു വരാനിരിക്കുന്നവര്‍ക്കു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. 

നാട്ടിലുള്ള ബന്ധുക്കളുടെ മരണം അടക്കമുള്ള അത്യാവശ്യങ്ങള്‍ക്കായി യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യുന്നതിന് നേരത്തേ അനുമതി നല്‍കിയിരുന്ന ഇളവാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതിനായി എയര്‍ സുവിധയില്‍ ഏര്‍പെടുത്തിയിരുന്ന പ്രത്യേക ഓപ്ഷന്‍ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവര്‍ യാത്രക്ക് മുന്‍പ് എയര്‍ സുവിധയില്‍രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിബന്ധന. വ്യക്തി വിവരങ്ങള്‍ക്ക് പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലവും അപ്ലോഡ് ചെയ്യണം. 

എന്നാല്‍, അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല. പകരം എയര്‍സുവിധയുടെ സെറ്റില്‍ എക്‌സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പെടെയുള്ളവ അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇതാണ് ഒഴിവാക്കിയിരിക്കുന്നത്. വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയര്‍ സുവിധയിലെ എക്‌സംപ്ഷന്‍ ഫോം നിര്‍ത്താലാക്കി'എന്നാണ് നല്‍കിയിരിക്കുന്നത്. 

ഇതോടെ, പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടില്‍ എത്തേണ്ടവര്‍ക്ക് പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. പല രാജ്യങ്ങളിലും പത്ത് മണിക്കൂറിലേറെ വേണം ഫലം ലഭിക്കാന്‍. 24 മണിക്കൂര്‍ വരെയാണ് ആശുപത്രി അധികൃതര്‍ പറയുന്ന സമയം. നാട്ടിലെ വിമാനത്താവളങ്ങളില്‍ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന് പരിശോധന നടത്തണമെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്നത് ശരിയായ നടപടിയല്ലെന്ന് ഓവര്‍സീസ് എന്‍സിപി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവ് ഒഴിവാക്കിയ നടപടി പിന്‍വലിച്ച്, പ്രവാസി സമൂഹത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് എന്‍സിപി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ്, കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ് സ് എരിഞ്ചേരി, ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ അവശ്യപ്പെട്ടു.