കുവൈത്ത്: അര്‍പണ്‍ കുവൈത്തിന്റെ ഇരുപത്തിരണ്ടാമതു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കോവിഡ്19 കാലയളവില്‍ ''സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍'' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികവും, പ്രത്യേകിച്ച് ഇന്ത്യയും കുവൈത്തുമായുള്ള 60-ാം നയതന്ത്ര ബന്ധവുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്ന് വെബിനാറിന് മികച്ച പ്രതികരണം ലഭിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ നേതാക്കള്‍, ബിസിനസ്സ് കമ്മ്യൂണിറ്റി, പ്രൊഫഷണലുകള്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി രതി രാമമൂര്‍ത്തി സ്വാഗത പ്രസംഗം ആശംസിക്കുകയും പ്രസിഡന്റ് വെങ്കടകൃഷ്ണന്‍ അര്‍പണ്‍ കുവൈത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചു. മഹത്തായ രാജ്യങ്ങളായ ഇന്ത്യയുടെയും കുവൈത്തിന്റെയും പൗരന്മാര്‍ക്കുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. ഇന്ത്യന്‍ കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ അര്‍പണ്‍ വളരെയധികം മുന്‍പന്തിയില്‍ നിന്നുകൊണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളെ ഒരുമിപ്പിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ്19 കാലത്തു ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശപ്രകാരം രൂപവത്കരിച്ച ഐ.സി.എസ്.ജി യുടെ പ്രവര്‍ത്തങ്ങളില്‍ അര്‍പണ്‍ മുന്നില്‍ ഉണ്ടായിരുന്നു. 

ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാന്‍ സൂരിയാണ് ഈ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കെ പി വെബിനാറിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചു. പേഴ്സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വി.ആര്‍ അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എ കൈസാര്‍ ടി ഷക്കീര്‍, ട്രഷറര്‍ (ഐ.ബി.പി.സി) തന്റെ പ്രഭാഷണത്തില്‍ കുവൈത്തില്‍ ബിസിനസ്സ് സമൂഹം നേരിടുന്ന വെല്ലുവിളികളെയും പരിഹാരങ്ങളെയും കുറിച്ച് വിശദീകരിച്ചു. നാഗനാഥന്‍. ആര്‍ മെംബര്‍ (പ്രത്യേക ക്ഷണിതാവ് ലോക കേരള സഭ), തന്റെ പ്രഭാഷണത്തില്‍ എന്‍ആര്‍ഐകള്‍ക്കായി കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 

സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും എന്‍ആര്‍ഐകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ചും മഹാരാഷ്ട്ര മണ്ഡല്‍ പ്രസിഡന്റ് സമ്പദ ലെലെ വിശദീകരിച്ചു. സി.എ സായ് വെങ്കട സുബ്ബറാവു; പ്രസിഡന്റ് (തെലുങ്ക് കല സമിതി) തന്റെ പ്രഭാഷണത്തില്‍ വിവിധ സാമ്പത്തിക നിക്ഷേപ അവസരങ്ങളെക്കുറിച്ചും കൂടാതെ എന്‍ആര്‍ഐയ്ക്കായി ആന്ധ്രയും തെലുങ്കാന സര്‍ക്കാരും വാഗ്ദാനം ചെയ്യുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. പരിപാടിയുടെ മുഖ്യഅവതാരകന്‍ നാഗരാജനായിരുന്നു, പ്രോഗ്രാം കണ്‍വീനര്‍ കെ. മഹാദേവന്‍ നന്ദിയും പറഞ്ഞു.