കുവൈത്ത് സിറ്റി: ആശ്രിത സന്ദര്‍ശനവിസയില്‍ ചില ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നു. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന്‌ സ്‌പോണ്‍സറുടെ മിനിമം ശമ്പളം 1000 ദിനാറായി പുനര്‍നിര്‍ണ്ണയിക്കും. നിലവില്‍ വിസയ്ക്ക് നല്‍കുന്ന 200 ദിനാര്‍ കൂടാതെ 300 ദിനാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഫീസും സ്‌പോണ്‍സര്‍ നല്‍കണം. രക്ഷിതാക്കളെയും സഹോദരങ്ങളെയും സന്ദര്‍ശന വിസയില്‍ കൊണ്ടുവരുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിവരുന്ന സൗജന്യ ചികിത്സാ സൗകര്യം ചൂഷണം ചെയ്യുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മസാന്‍ അല്‍ ജറാഹ് അല്‍ സബ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് പുതിയ നീക്കത്തിന് തയ്യാറാവുന്നത്.

കുടിയേറ്റനിയമം ആര്‍ട്ടിക്കിള്‍ 22 ല്‍ ചില ഭേദഗതികള്‍ വരുത്തിയാണ് ആശ്രിത വിസയിലെത്തുന്നവര്‍ക്കും വിസ ഫീസ് കൂടാതെ ഇന്‍ഷ്വറന്‍സ് ഫീസ് ഈടാക്കുന്നതിനും ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി കരാറിലെത്തുന്നതിനും ധാരണയായി. കരാര്‍ പ്രാബല്യത്തിലാകുന്നതോടെ വിസയുടെ ഫീസ് കൂടാതെ ഇന്‍ഷ്വറന്‍സ് ഫീസും നല്‍കുന്നതിന് തയ്യാറുള്ളവര്‍ക്ക് ആശ്രിതവിസ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.