കുവൈത്ത്‌സിറ്റി: വാഹന ഗതാഗത നിയമലംഘനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന പുതിയ ഓഫീസ് നവംബര്‍ 15 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പുതിയ ഓഫീസിന് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് ഖാലിദ് അല്‍-ജറാഹാണ് പുറപ്പെടുവിച്ചത്.

ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ മഹ്മൂദ് അല്‍-ദോസെരി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശത്തിനാണ് ആഭ്യന്തരമന്ത്രി അനുമതി നല്‍കിയത്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക ഓഫീസ് നിലവില്‍ വരുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരുടെയും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും വാഹനങ്ങള്‍ പിടിച്ചെടുക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെ സദാ നിരീക്ഷണം നടത്തി കുറ്റക്കാരെ ഉടന്‍ പിടികൂടുകയാണ് ലക്ഷ്യം. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കുറ്റക്കാര്‍ക്കെതിരെ കനത്തപിഴ ചുമത്തുകയും ചെയ്യും. 

കുറ്റം ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തും. കുറ്റക്കാരെ പിടികൂടി ചോദ്യം ചെയ്യലിനു ശേഷമായിരിക്കും ശിക്ഷ വിധിക്കുക. വാഹനമോടിക്കുന്ന യുവാക്കളെ ബോധവത്ക്കരിക്കുക കൂടി ലക്ഷ്യമാക്കിയാണ് പുതിയ ഓഫീസിന് രൂപം നല്‍കിയിട്ടുള്ളത്. കുറ്റക്കാരെ ഫോണിലൂടെയും ബന്ധപ്പെടുന്നതാണ്. കൂടാതെ കുറ്റപത്രം താമസ സ്ഥലത്ത് നല്‍കുന്നതിനും സംവിധാനമുണ്ടായിരിക്കും.

അതേസമയം, ഗതാഗത വിഭാഗം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നടത്തിയ പരിശോധനയില്‍ 1,467,368 കുറ്റക്കാരെ കണ്ടെത്തിയതായും ഇവരില്‍ 1,157,607 പേര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനും 135,201 പേര്‍ ചുവപ്പ് ലൈറ്റ് മുറിച്ച് കടന്നതിനും പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.