കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വിഷന്‍ 2035 വികസനപദ്ധതിയില്‍ സൗരോര്‍ജ്ജത്തിന് പ്രാമുഖ്യം നല്‍കുമെന്ന് ആസൂത്രണമന്ത്രാലയം അറിയിച്ചു. ഇന്ധന അധിഷ്ഠിത വൈദ്യുതി കൂടാതെ പാരമ്പര്യേതര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ വിവിധ പദ്ധതികളൊരുക്കുന്നുണ്ട്. 

കാറ്റിന്റെ സഹായത്തോടെയും സൗരോര്‍ജ്ജവും ഫലപ്രദമായി ഉപയോഗപ്പെടുത്തും. നിലവില്‍ 15,000 മെഗാ വാട്ട് വൈദ്യുതിയാണ് പ്രതിദിന ഉത്പാദനശേഷി. എന്നാല്‍ 2030ഓടെ പ്രതിദിന ഊര്‍ജ്ജ ഉല്‍പാദനമായി 32000 മെഗാ വാട്ടായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 

സൗരോര്‍ജ്ജം ഉള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ കണ്ടെത്തി പരിഷ്‌കൃതരാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സാങ്കേതിക സംവിധാനങ്ങളെ ആശ്രയിക്കുന്നതിനും ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഊര്‍ജ ഉത്പാദനകേന്ദ്രങ്ങളും അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പ് വരുത്തും. ഭൂഗര്‍ഭ ലൈനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വൈദ്യുതി വിതരണത്തിനായി സജ്ജീകരിക്കും.