കുവൈത്ത്: മലയാളം മിഷന്‍ എസ്.എം സി.എ കുവൈറ്റിന് ഒരു സോണല്‍ ഓഫീസ് അനുവദിച്ചു. ഔദ്യോഗിക ഉദ്ഘാടനം കുവൈത്ത് മലയാളം മിഷന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെ.സജി നിര്‍വഹിച്ചു. മലയാളം മിഷന്‍ കുവൈത്ത് ചാപ്റ്ററിന്റെ എസ്.എം.സി.എ പ്രതിനിധിയായ തോമസ് കുരുവിള നരിതൂക്കിലിനെ ഉള്‍പ്പെടുത്തിയതായി ജെ.സജി അറിയിച്ചു. തോമസ് കുരുവിള മലയാളം മിഷന്‍ നല്‍കുന്ന കോഴ്‌സുകളെക്കുറിച്ച് വിശദവിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിങ്ങനെയാണ് പാഠ്യഭാഗങ്ങളെ തരം തിരിച്ചിരിക്കുന്നത്. മലയാളം മിഷന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് 4 സര്‍ട്ടിഫിക്കറ്റ് കോഴുകള്‍ ആണ്. 

നീലക്കുറിഞ്ഞി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പത്താം ക്ലാസ് നിലവാരമുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഭാവിയില്‍ കേരളത്തില്‍ ജോലി കിട്ടാന്‍ ആവശ്യമായ തുല്യതാ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനും സാധിക്കുന്നു. എസ് എം സി എ പ്രസിഡന്റ് ജോണ്‍സണ്‍ ദേവസ്സി നീലങ്കാവി അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 1 ന് 22 വര്‍ഷം പൂര്‍ത്തിയാക്കിയ എം.എസ്.എം.സി.എ കുവൈറ്റിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാണ് മലയാളം മിഷനെന്ന് ജോണ്‍സണ്‍ ദേവസ്സി പറഞ്ഞു. ഇതിന് മുന്‍കൈ എടുത്ത അബ്ബാസിയ ഏരിയ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. ആഷ്‌ലി റോയിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എസ്.എം.സി.എ ജനറല്‍ സെക്രട്ടറി ജോബി ജോസ് തോട്ടുപാട്ട സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി എസ് ബി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ടോമി പടിഞ്ഞാറേവീട്ടില്‍, തോമസ് കുരുവിള, റജിമോന്‍ ഇടമന, സാബു സെബാസ്റ്റ്യന്‍, ജോഷി ജോസഫ് ഉള്ളാട്ടില്‍, ഏയ്ഞ്ചല്‍ റോസ് സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എം സി എ ട്രഷറര്‍ ജോര്‍ജ്ജ് തോമസ് കാലായില്‍ നന്ദി പറഞ്ഞു.