കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന് ആംആദ്മി ഫ്രണ്ട്‌സ് യാത്രയയപ്പ് നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ ആംആദ്മി സപ്പോര്‍ട്ടേഴ്‌സും വണ്‍ ഇന്ത്യ അസോസിയേഷനും സംയുക്ത ആതിഥേയത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി ലിന്‍സ് തോമസ് അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സാജു സ്റ്റീഫന്‍ സ്വാഗതവും ട്രഷറര്‍ എല്‍ദോ എബ്രഹാം മുഖ്യപ്രഭാഷണവും നടത്തി.
2019 ലെ പ്രളയ കാലത്ത് വിവാഹ സത്കാരം ഒഴിവാക്കി പ്രളയദുരിത ബാധിതരെ സഹായിച്ച് മാനവികതയുടെ ഉദാത്ത മാതൃക കാണിച്ചത് ഉള്‍പ്പെടെയുള്ള സന്തോഷ് കുമാറിന്റെ നിസ്വാര്‍ത്ഥ സേവനത്തെ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രസംഗകര്‍ പ്രകീര്‍ത്തിച്ചു. ബിനു ഏലിയാസ്, സബീബ് മൊയ്തീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനയുടെ സ്‌നേഹോപഹാരവും വിമാനടിക്കറ്റും സന്തോഷ് കുമാറിന് കൈമാറുകയും അദ്ദേഹം മറുപടി പ്രസംഗം നടത്തുകയും ചെയ്തു. പ്രവീണ്‍ ജോണ്‍ നന്ദി രേഖപ്പെടുത്തി.