കുവൈത്ത്: സമുദ്ര തീരങ്ങളിലെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ട് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഹിള്‍ട്ടന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടന്ന സെമിനാറില്‍ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപന  പ്രതിനിധികള്‍ പങ്കെടുത്തു.

സമുദ്ര തീരങ്ങളില്‍ അടിഞ്ഞു കൂടുന്ന സള്‍ഫര്‍ മാലിന്യങ്ങളുടെ തോത് കുറച്ചു കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണു റെസിഡ് ഹൈഡ്രൊ ട്രീറ്റ് 2017 എന്ന പേരില്‍ സമ്മേളനം സംഘടിപ്പിച്ചത്. സള്‍ഫര്‍ മാലിന്യങ്ങളുടെ അതിപ്രസരം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമുദ്ര മേഖലയില്‍  പരിസ്ഥിതി സന്തുലനത്തിനു വന്‍ ആഘാതമാണ് സൃഷ്ടിക്കുന്നത്. ആഴക്കടലില്‍ എണ്ണ ഖനനം നടത്തുന്നതാണ് സള്‍ഫര്‍ മാലിന്യം അടിഞ്ഞു കൂടുന്നതിനു പ്രധാന കാരണമാകുന്നത്. ഇത് കുറച്ചു കൊണ്ട് വരുന്നതിനു എണ്ണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നു യോഗത്തില്‍ ആഹ്വാനം ഉയര്‍ന്നു. ഇതിനായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്.  സമ്മേളനത്തോട് അനുബന്ധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടന്നു. രവി പിള്ളയുടെ ഉടമസ്ഥതയില്‍ ഉള്ള നാഷണല്‍ ഹാജറി കോര്‍പ്പറേഷന്‍ മാത്രമാണു പ്രദര്‍ശനത്തില്‍ പങ്കെടുത്ത  ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥാപനം. എണ്ണ മേഖലയില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തമാണെന്നും ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങളും മികച്ച സേവനങ്ങളും  തൊഴില്‍ വിഭവ ശേഷിയും അഭിനന്ദനാര്‍ഹമാണെന്നും  കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി സി.ഇ.ഒ. നാസര്‍ അല്‍ മാജിദ് അല്‍ ഷമാ  വ്യക്തമാക്കി.