കുവൈത്ത് സിറ്റി: കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍, കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബ്ബാസിയ മറീന ഹാളില്‍ വച്ച് സംഗീത നൃത്ത സന്ധ്യ സംഘടിപ്പിച്ചു. ഗായകരായ എം ജി ശ്രീകുമാറും, അബ്ദുറഹ്മാനും, ശ്രേയ ജയദീപും, മൃദുല വാര്യരും ഒത്തുചേര്‍ന്ന ഗായക സംഘവും, ഡോ.താരാ കല്യാണും, മകള്‍ സൗഭാഗ്യ വെങ്കിടേഷും നൃത്തവും അരങ്ങേറി. 

കീബോര്‍ഡില്‍ മാന്ത്രികവിസ്മയം തീര്‍ക്കുന്ന അനൂപ് കോവളത്തിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ ഓര്‍ക്കസ്ട്രയുടെ കലാകാരന്‍മാര്‍ വാദ്യവിസ്മയങ്ങള്‍  ഒരുക്കി. മെഗാ ഇവന്റിന്റെ ഔപചാരിക ഉദ്ഘാടനം നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി നിലവിളക്കില്‍ തിരി തെളിച്ച് ജലീബ് അല്‍ ഷുയൂഖ് ഏരിയ പോലീസ് ചീഫ് കേണല്‍ ഇബ്രാഹിം അബ്ദുറസാഖ് അല്‍ ദീല്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്റെ സ്ഥാപകാംഗവും, ദീര്‍ഘകാലം പ്രസിഡന്റും നിലവില്‍ രക്ഷാധികാരിയുമായ ഉമ്മന്‍ ജോര്‍ജ്ജ് (ജോസ് മണ്ണില്‍) നെ അസോസിയേഷന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പങ്കിനെ മാനിച്ച് കൊണ്ട് ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്‍ ഉപദേശക സമിതി അധ്യക്ഷന്‍ ബിനു ജോണ്‍ ഫിലിപ്പ് അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, പ്രശസ്തി ഫലകം നല്‍കുകയും ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുരളി എസ് പണിക്കര്‍ സ്വാഗതവും,  ഇവന്റ് കണ്‍വീനര്‍ സാമുവേല്‍കുട്ടി നന്ദിയും അര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ പരിപാടിയുടെ മുഖ്യപ്രായോജകരായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ  കണ്‍ട്രി ഹെഡ് സഞ്ജയ് സിന്‍ഹ, സഹപ്രായോജകരായ കോടക് ലൈഫ് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. എന്‍. രാജീവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എഞ്ചിനീയറിംഗ് ഡിഗ്രീ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനി നിഖിത മുരളി പണിക്കര്‍, സന്നദ്ധരക്തദാന മേഖലയിലെ സജീവ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റര്‍, അസോസിയേഷന്റെ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണയെ മുന്‍നിര്‍ത്തി കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സജി കോശി ജോര്‍ജ്ജ് എന്നിവരെയും; പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാരെയും ചടങ്ങില്‍ ആദരിച്ചു.