കുവൈത്ത് സിറ്റി: വീടുകള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുടമകള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും,  അവധിക്ക് പോകുന്നവര്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസ്സാം അല്‍ നഹം അറിയിച്ചു. 

ദീര്‍ഘ കാലത്തേക്ക് പൂട്ടിയിടുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം പതിവാക്കുന്നത്. ജനങ്ങള്‍ തിങ്ങി വസിക്കുന്ന പാര്‍പ്പിട മേഖലകളിലെല്ലാം പോലീസ് പെട്രോളിംഗ് ശക്തമാക്കുന്നതിനും, റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും സുരക്ഷ പരിശോധനക്കായി സ്ഥിരം ചെക് പോയിന്റുകള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. 

വീടുകള്‍ക്കും സമീപ പ്രദേശങ്ങളിലും സംശയമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നമ്പര്‍ 112 ല്‍ വിളിച്ചറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.