കുവൈത്ത് സിറ്റി: റമദാനെ വരവേറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ചെവ്വാഴ്ച ആരംഭിക്കുന്ന റമദാന്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആശംസകള്‍ നേര്‍ന്നു.

അതേസമയം കോവിഡ് പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റമദാന്‍ ആശംസകള്‍ നേരുന്നതിന് ആരെയും സ്വീകരിക്കാന്‍ സാധിക്കാത്തത്തില്‍ ഖേദിക്കുന്നതയും അമീരി ദിവാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എല്ലാ രാജ്യ നിവാസികള്‍ക്കും വിശ്വാസികള്‍ക്കും കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ സബാഹ്,കിരീടാവകാശി ഷേയ്ഖ് ഷേയ്ഖ് മിശാല്‍ അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് റമദാന്‍ ആശംസകള്‍ നേര്‍ന്നു.

കോവിഡ് പ്രതിസന്ധി മൂലം ജീവിതം ആകെ മാറിയ പരിതസ്ഥിതിയില്‍ രാജ്യം റമദാന്‍ മാസത്തെ വരവേല്‍ക്കുകയാണ്. ഇത്തവണ പള്ളികള്‍ തുറന്ന് പുരുഷന്മാര്‍ക്കായി തറാവീഹ് നമസ്‌കാരത്തിനു അനുവദിക്കും.

അതോടൊപ്പം അവശ്യ വസ്തുക്കള്‍ വിപണിയില്‍ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാന്‍ വാണിജ്യ മന്ത്രാലയം കര്‍ശനമായ പരിശോധന ആരംഭിച്ചു.

ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധനക്ക് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.