കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡെലിവറി കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുതായി ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം. 

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡെലിവറി കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. 

ഡെലിവറികമ്പനികള്‍ക്ക് പുതിയ ചട്ടങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തണമെന്നു ആഭ്യന്തര മന്ത്രാലയം വാണിജ്യമന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

ഡെലിവറി മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തു പുതിയ കമ്പനികള്‍ വരുന്നതിനു വാണിജ്യ മന്ത്രാലയം എതിരല്ലെന്നും, എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനായാണ് ലൈസന്‍സ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇനി ലൈസന്‍സ് നടപടികള്‍ പുനരാരംഭിക്കുകയുള്ളൂ. 

ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ്. ഡെലിവറി വിപണിയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ഡെലിവറി രംഗത്തു പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതായും സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്കു വെക്കുന്നതായും അധികൃതര്‍ കണ്ടെത്തിയിരുന്നു .ഇതേത്തുടര്‍ന്നാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.