കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ പുതിയ നിബന്ധനകള്‍. പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം റഫറന്‍സ് രേഖകളും നിര്‍ബന്ധമാക്കിയാണ് ഇന്ത്യന്‍ എംബസിയുടെ പുതിയ നടപടി. 

ഇനി മുതല്‍ പാസ്പ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ സിവില്‍ ഐഡി പകര്‍പ്പ്, അവരുടെ ടെലഫോണ്‍ നമ്പര്‍ എന്നിവയടക്കമുള്ള രേഖകള്‍  നിര്‍ബന്ധമാക്കി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന ഔട്ട് സോഴ്സ് കേന്ദ്രത്തിനയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ നിലവിലെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനോ ഉള്ള അപേക്ഷകളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ പേര്, മേല്‍വിലാസം എന്നിവക്കൊപ്പം സിവില്‍ ഐഡി കോപ്പി, ബന്ധപ്പെടേണ്ട ടെലി ഫോണ്‍ നമ്പര്‍ എന്നീ രേഖകള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നാണ്   നിര്‍ദേശം.

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ പത്തൊമ്പതാം നമ്പര്‍ കോളത്തിലാണ് പേരും മേല്‍വിലാസവും ചേര്‍ക്കേണ്ടത്. കോളം 19 ല്‍ പരാമര്‍ശിച്ച വ്യക്തികളുടെ സിവില്‍ ഐ.ഡി. പകര്‍പ്പും ഫോണ്‍ നമ്പറും ആണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത് .

ഇവ ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കരുതെന്നും അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ചു എംബസ്സി പൊതുജനങ്ങള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടുമില്ല. അതുകൊണ്ടുതന്നെ പുതിയ നിര്‍ദേശം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ ഒട്ടേറെ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്.

എംബസിയുടെ പുതിയ നടപടിക്കെതിരെ  വ്യാപക പ്രതിക്ഷേധവും ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക ജോലിക്കാരെ സംബന്ധിച്ചിടത്തോളം പുതിയ വ്യവസ്ഥകള്‍ പ്രതികൂലമാകും. അവര്‍ക്ക് റഫറന്‍സിന് ആളുകളെ കിട്ടുകയെന്നതും പ്രയാസമേറിയ കാര്യമാണ്.