കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വനിതാ കൂട്ടായ്മയായ വനിതാവേദി കുവൈത്ത്  ഓണാഘോഷവും (ചിങ്ങനിലാവ്) അംഗങ്ങളുടെ  ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനവും വിപുലമായി  സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 16 ന് വൈകീട്ട് 6.30 ന് വെര്‍ച്വല്‍ മീഡിയയിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ ഓണപ്പൂക്കളം, ഓണപ്പായസം, ഓണക്കാഴ്ചകള്‍, തിരുവാതിര, തുമ്പി തുള്ളല്‍, വടംവലി ഉള്‍പ്പെടെ വിവിധ ഓണക്കളികള്‍  കൂടാതെ വിവിധ യൂണിറ്റുകളുടെ വ്യത്യസ്തങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. സംഘടനയുടെ ഐഡി കാര്‍ഡ് ഉദ്ഘാടനം വനിതാവേദി കുവൈത്ത് പ്രസിഡന്റിന് നല്‍കി കൊണ്ട് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ലോക കേരള സഭ അംഗവുമായ എന്‍.അജിത്  കുമാര്‍ നിര്‍വഹിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ നിര്‍വഹിച്ചു. വനിതാവേദി കുവൈത്ത് പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. കേന്ദ്രകമ്മിറ്റി അംഗം ദിപിമോള്‍ സുനില്‍കുമാര്‍ ഓണസന്ദേശം നല്‍കുകയും ട്രഷറര്‍ അഞ്ജന സജി പരിപാടിക്ക് നന്ദി പറയുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനറായ ബിന്ദു ദിലീപ് പരിപാടികളുടെ ഏകോപനം നിയന്ത്രിച്ചു. ഐഡി കാര്‍ഡ്  കണ്‍വീനര്‍മാരായ  ഷിനി  റോബര്‍ട്ട്, രാജലക്ഷി ഷൈമേഷ്  എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.