കുവൈത്ത് സിറ്റി: കാഴ്ച്ചയുടെ വിരുന്നൊരുക്കി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തവും, പുതുമയുള്ളതുമായ വിവിധ കലാപരിപാടികള്‍ രണ്ടിടങ്ങളിലായി നടന്ന ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടു. ഫിന്റാസ് കോ-ഓപ്പറേറ്റീവ് ഹാളില്‍ വെച്ച് നടന്ന ഫഹാഹീല്‍-അബു ഹലീഫ മേഖലകളുടെ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാര്‍ പഹേല്‍ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.വി.ജയന്‍ സ്വാഗതം ആശംസിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്കുമാര്‍, കല കുവൈത്ത് ജോ:സെക്രട്ടറി പ്രസീത് കരുണാകരന്‍, വനിതാവേദി പ്രസിഡന്റ് ശാന്ത ആര്‍.നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കല കുവൈത്ത് അബുഹലീഫ മേഖലാ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. കല കുവൈത്ത് അബുഹലീഫ മേഖലാ ആക്ടിങ് സെക്രട്ടറി നാസര്‍ കടലുണ്ടി, ഫഹാഹീല്‍ മേഖലാ പ്രസിഡന്റ് രഹീല്‍ കെ.മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് നടന്ന അബ്ബാസിയ-സാല്‍മിയ മേഖലകളുടെ ഓണാഘോഷം കുവൈത്തിലെ മുതിര്‍ന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. കുവൈത്ത് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് കല കുവൈത്ത് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറല്‍ സെക്രട്ടറി ജെ.സജി സ്വാഗതമാശംസിച്ചു. പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, വനിതാവേദി ജനറല്‍ സെക്രട്ടറി ടോളി പ്രകാശ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കല കുവൈത്ത് ട്രഷറര്‍ രമേശ് കണ്ണപുരം, അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍, സാല്‍മിയ മേഖല സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സണ്ണി സൈജേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
സാംസ്‌കാരിക ഘോഷയാത്രയോടുകൂടിയാണ് രണ്ടിടങ്ങളിലും ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്. ചെണ്ടമേളവും, പുലികളിയും, വഞ്ചിപ്പാട്ടും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് കല കുവൈറ്റ് പ്രവര്‍ത്തകര്‍ തന്നെ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. 3000 ഓളം പേരാണ് രണ്ടിടങ്ങളിലായി ഓണസദ്യ കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധയിനം കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. അബുഹലീഫ-ഫഹാഹീല്‍ ഓണാഘോഷത്തില്‍ അവതരിപ്പിക്കപ്പെട്ട മെഗാതിരുവാതിരയും, മെഗാ കേരള നടനവും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. നൂറോളം പേരാണ് ഈ മെഗാ നൃത്ത പരിപാടിയില്‍ പങ്കാളികളായത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഓണപ്പൂക്കളവും, വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.