കുവൈത്ത് സിറ്റി: ഇറ്റലി ആസ്ഥാനമായി 57 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ രാജ്യാന്തര സംഘടനയായ റൈറ്റേഴ്‌സ് കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ കുവൈത്ത് റിജീയണല്‍ ഡയറക്ടറായി വിഭീഷ് തിക്കോടി നിയമിതനായി. സാഹിത്യത്തിലൂടെ ആഗോള സമാധാനവും ഐക്യവും ശക്തിപ്പെടുത്തി മാനവിക മൂല്യങ്ങളെ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 

സാഹിത്യ മേഖലയിലെ സംഭാവനയും, കൃതികളുടെ മേന്മയും പൊതുവായ അഭിരുചിയും കണക്കിലെടുത്താണ് പ്രമുഖ വ്യക്തികള്‍ അടങ്ങിയ ജൂറി ഡയറക്ടര്‍മാരെ തിരഞ്ഞെടുത്തത്. 

കവി, എഴുത്തുകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിഭീഷ് തിക്കോടി മൂന്ന് കൃതികളുടെ രചയിതാവാണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റസ് ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫെഡറേഷന്റെ മഹാത്മ ഗാന്ധീ ബുക്ക് ഫോര്‍ സ്‌പെഷല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 

നിലവില്‍ അക്ഷരമുദ്ര ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് ഉപദേശക സമിതി അംഗം എന്നീ ചുമതലകളും നിര്‍വഹിക്കുന്നുണ്ട്.