കുവൈത്ത് സിറ്റി: ആലപ്പുഴ മാരാരിക്കുളം ഓമനപ്പുഴ ഓടാപ്പൊഴിയില്‍ വീണു മരിച്ച സഹോദരങ്ങളായ കുട്ടികളുടെ 'അമ്മ മേരി ഷൈന്‍ നാളെ നാട്ടിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ ദിവസം സഹോദരങ്ങളായ പത്ത് വയസുള്ള അഭിജിത് ഒന്‍പത് വയസ്സുള്ള അനഘ എന്നിവരാണ് കളിക്കുന്നതിനിടെ ഓടാപ്പുഴ പുഴയില്‍ വീണ് മരണം സംഭവിച്ചത്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന മേരി ഷൈന് തന്റെ വിസയുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ കേസ് കൊടുത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കള്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനനുസരിച്ച് കല കുവൈത്ത് പ്രവര്‍ത്തകര്‍ എംബസിയെ വിവരം അറിയിച്ചു. വിഷയത്തില്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് നേരിട്ട് ഇടപെടുകയും നിയമ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേകം ഉദ്ദ്യോഗസ്ഥരെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കലയുടെ സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മാങ്ങാട്ടിന്റെയും, എംബസി അധികൃതരുടെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മേരി ഷൈന്‍ അവരുടെ ബന്ധുവിനോടൊപ്പം നാളെ നാട്ടിലേക്ക് യാത്ര തിരിക്കും. ഇന്ത്യന്‍ എംബസി ഇവര്‍ക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി. പ്രയാസ ഘട്ടത്തില്‍ നാട്ടിലേക്കുള്ള യാത്രക്ക് സഹായം ചെയ്ത കല കുവൈത്ത് പ്രവര്‍ത്തരോടും എംബസിയോടും മേരി ഷൈന്‍ നന്ദി അറിയിച്ചു.