മനാമ: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമെന്നു വിശേഷിപ്പിക്കാവുന്ന 'കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യ' ഡിസംബര്‍ 9 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബഹ്റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്യും. വത്തിക്കാനില്‍ നിുള്ള പ്രതിനിധികള്‍, ബഹ്റൈന്‍ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അംബാസഡര്‍മാര്‍, മറ്റു നയതന്ത്രജ്ഞര്‍, സഭാ നേതാക്കള്‍, ലോകമെമ്പാടുമുള്ള മറ്റു പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഇത് മതസൗഹാർദത്തിന്റെയും ബഹ്റൈന്‍ രാജ്യത്തിന്റെ സഹിഷ്ണുതയുടെയും പ്രതീകമാണ്. ഈ പ്രോജക്ടിന് നല്‍കിയ പൂര്‍ണ്ണഹൃദയത്തോടെയുള്ള പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ബഹ്‌റൈന്‍ ഭരണനേതൃത്വത്തോട് തങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ ഇടവക വികാരി ഫാദര്‍ സജി തോമസ് പറഞ്ഞു. 

രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ ദാനമായി നല്‍കിയ 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അറേബ്യ നിര്‍മ്മിച്ചിരിക്കുത്. അന്തരിച്ച ബിഷപ്പ് കാമിലോ ബാലിന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി.

കത്തീഡ്രല്‍ ഡിസംബര്‍ 10-ന് അഭിവന്ദ്യ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ (ജനങ്ങളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള കോഗ്രിഗേഷന്റെ പ്രിഫെക്റ്റ്) ആര്‍ച്ച് ബിഷപ്പ് യൂജിന്‍ എം നുജന്റ് (കുവൈറ്റിനും ബഹ്റൈനിനുമുള്ള അപ്പസ്തോലിക് നൂഷ്യോ) ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ (അപ്പോസ്‌തോലിക് അഡ്മിനി) യുടെ സാനിധ്യത്തില്‍ സമര്‍പ്പണം ചെയ്യും.

ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നിവയെ ഉള്‍ക്കൊള്ളുന്ന നോര്‍ത്തേ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റില്‍ 2.5 ദശലക്ഷം കത്തോലിക്ക വിശ്വാസികള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവര്‍ കൂടുതലും വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. 

2014 മെയ് 19 ന്, രാജാവ് ഹമദ് ബിന്‍ ഈസ ബിന്‍ സല്‍മാന്‍ അല്‍-ഖലീഫ, വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും അറേബ്യന്‍ പെനിന്‍സുലയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ പള്ളിയുടെ മോഡല്‍ സമ്മാനിക്കുകയും ചെയ്തു.

വാര്‍ത്താസമ്മേളനത്തില്‍ ഫാ.സജി തോമസ് (ഒഎഫ്എം ക്യാപ്), ഫാ.സേവ്യര്‍ മരിയന്‍ ഡിസൂസ (ഒഎഫ്എം ക്യാപ്), റോഡ്രിഗോ സി അക്കോസ്റ്റ, ജീസസ് സി പാലങ്കോട്, മൈക്കല്‍ ബ്യൂണോ കാര്‍ണി, ജിക്സ ജോസ്, ബിനോയ് എബ്രഹാം, രഞ്ജിത്ത് ജോ എന്നിവര്‍ പങ്കെടുത്തു.