കുവൈത്ത് സിറ്റി: ഡിസംബര്‍ 5 ന് നടക്കുന്ന കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര പ്രതിനിധികള്‍ എത്തുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പാര്‍ലമെന്റ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും സ്വതന്ത്രവുമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ്
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെ നിരീക്ഷണത്തിനായി ക്ഷണിച്ചിട്ടുള്ളത്. അതേസമയം കോവിഡ് പ്രതിസന്ധിമൂലം വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രതിനിധികളെയും കൂടാതെ വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ നിരീക്ഷകരായി ക്ഷണിക്കുന്നതായും വക്താവ് വ്യക്തമാക്കി.
ഡിസംബര്‍ 5 ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 33 വനിതകളടക്കം 395 പേരാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിന് രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലായി 102 സ്‌കൂളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക എന്നും വക്താവ് അറിയിച്ചു.