കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൂര്‍ണ്ണമായും അടച്ചിട്ടിരുന്ന വിമാനത്താവളം നീണ്ട ഇടവേളക്ക് ശേഷം ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കുകയും, നവംബര്‍ 17 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് ഡി.ജി.സി.എ തീരുമാനിച്ചു.
വാണിജ്യ വിമാനങ്ങള്‍ നിലവില്‍ രാത്രി സര്‍വീസ് നടത്തുന്നില്ല. രാത്രി 10 നും പുലര്‍ച്ചെ നാലു മണി വരെയുമാണ് നിലവില്‍ വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നത്. നവംബര്‍ 17 മുതല്‍ വിമാനത്താവളം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സുലൈമാന്‍ അല്‍ ഫൗസാനാണ് അറിയിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചു ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തുന്നത്തോടെ വിമാനത്താവളം മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതനുസരിച്ചാണ് ആരോഗ്യ മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു.