കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ  ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്  സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ കുവൈത്തില്‍ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജും, കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.

സന്ദര്‍ശനത്തില്‍ കുവൈത്ത് അധികൃതരുമായി മന്ത്രി ഉന്നതതല യോഗങ്ങള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറിന് കൊടുത്തയച്ച കത്തും അദ്ദേഹം കൈമാറും. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം കുവൈത്ത് സന്ദര്‍ശിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും. മന്ത്രിയുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ പരിപാടിയില്‍ എല്ലാ ഇന്ത്യക്കാരായ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതാണ്. കോവിഡ് പശ്ചാത്തലത്തിലാണ് എംബസി ഓഡിറ്റോറിയത്തില്‍ യോഗം വേണ്ടെന്ന് തീരുമാനിച്ചത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് തത്സമയം സംപ്രേഷണം ചെയ്യുമെന്നും എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.