കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് ക്യാബിനറ്റ് തീരുമാനിച്ചു. ഇതനുസരിച്ചു ബുധനാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകും.

പൊതുയോഗങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുന്നതിനും മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. അതോടൊപ്പം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ 50% ജീവനക്കാര്‍ മാത്രം. കൂടാതെ പൊതുഗതാഗത സംവിധാനം 50% യാത്രക്കാര്‍ മാത്രമായി പരിമിധപ്പെടുത്തുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെസ്രേം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ശക്തമായ പ്രതിരോധ നടപടികളിലേക്ക് കുവൈത്ത് കടക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 12 ബുധനാഴ്ച മുതല്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ പരിമിതപ്പെടുത്തണം കൂടാതെ പൊതുഗതാഗത സംവിധാനത്തില്‍ 50 % യാത്രക്കാരില്‍ കൂടരുതെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതിനും നിര്‍ദേശമുണ്ട്.

സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തൊഴിലാളികളും സന്ദര്‍ശകരും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കണമെന്നും യോഗങ്ങള്‍, സമ്മേളനങ്ങള്‍, കോഴ്സുകള്‍ മുതലായവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണമെന്നും, സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് താരിഖ് അല്‍ മെസ്രേം വിശദീകരിച്ചു.

പി.സി.ഹരീഷ്