കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികള്‍ നാലു ലക്ഷം കവിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം 4,19,314 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയരുകയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 171 പേര്‍ രോഗമുക്തരാകുകയും ചെയ്തു. അതേസമയം കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 22491 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും 4773 പേര്‍ ചികിത്സയിലും, 8 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുകയാണ്. 4.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ജനുവരി 9 ഞായറാഴ്ച മുതല്‍ ഫെബ്രുവരി 28 തിങ്കളാഴ്ച വരെ അടച്ചിട്ട സ്ഥലങ്ങളില്‍ നടക്കുന്ന എല്ലാത്തരം സാമൂഹിക പരിപാടികളും താത്കാലികമായി നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു.

അതേസമയം കുവൈത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് സുപ്രീം സമിതി ചെയര്‍മാന്‍ ഡോ.ഖാലിദ് അല്‍ ജാറള്ളയാണ് ഒമിക്രോണ്‍ വ്യാപനത്തിന്റെ തീവ്രതയെക്കുറിച്ച് അറിയിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ നടപടി കളോട് ജനങ്ങള്‍ സഹകരിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.