കുവൈത്ത്‌സിറ്റി: കുവൈത്തിന് ഇന്നുമുതല്‍ യു.എന്‍. രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം. ജനുവരിമുതല്‍ രണ്ട് വര്‍ഷത്തേക്കാണ് താത്കാലിക അംഗത്വം. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചു.

കുവൈത്തിലെ സൗദ് അല്‍ നാസര്‍ അല്‍-സബ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ - ജറള്ളയാണ് ഇക്കാര്യം അറിയിച്ചത്.

പ്രശ്‌നങ്ങളില്‍ പക്ഷംചേരാതെ നിഷ്പക്ഷ നിലപാട് കൈക്കൊള്ളുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബ് ഖാലിദ് അല്‍ ഹമദ് അല്‍ സബ പ്രസ്താവിച്ചു. യുദ്ധവും സംഘര്‍ഷവും ഇല്ലാതാക്കാന്‍ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനായിരിക്കും കുവൈത്തിന്റെ മുന്‍ഗണന. രാജ്യാന്തര സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ കുവൈത്തിന് സാധിച്ചതുകൊണ്ടാണ് യു.എന്‍. ജനറല്‍ അസംബ്ലിയിലെ 193 രാജ്യങ്ങളില്‍ 188 രാജ്യങ്ങളുടെ പിന്തുണയോടെ അംഗത്വം ലഭിച്ചത്.

ഗള്‍ഫിലും അറബ് മേഖലയിലും ലോകത്തെവിടെയും സംഘര്‍ഷമൊഴിവാക്കി സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് കുവൈത്ത് ശ്രമിക്കും. അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ നേതൃത്വം നല്‍കുന്ന മധ്യസ്ഥശ്രമങ്ങള്‍ ഗള്‍ഫിലും അറബ് ലോകത്തും തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.