കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ പുതിയ വകഭേദം ഒമിക്രോൺ വൈറസ് സാനിധ്യം കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ്‌ അൽ സബാഹ് വെളിപ്പെടുത്തി. ആഗോള തലത്തിലെയും ഗൾഫ് മേഖലയിലേയും കൊറോണ പ്രതിരോധ നടപടികളും നിരീക്ഷണങ്ങളും കുവൈത്തിലും പിന്തുടരുകയാണ്. ജനങ്ങളിൽ അനാവശ്യമായ പരിഭ്രാന്തിയുടെ ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഒമിക്രോണ്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അമിതമായ ആശങ്ക ആവശ്യമില്ലെന്നും രാജ്യത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സർക്കാർ വക്താവ് താരിഖ് അൽ മിസ്‌റം മാധ്യമങ്ങളെ അറിയിച്ചു.

ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന്‍റെ നേതൃത്വത്തിൽ നടന്ന മിനിസ്റ്റീരിയൽ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷിപ്പനി കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും പക്ഷി ഇറക്കുമതി നിർത്തിവെക്കുന്നതിനും സമിതി തീരുമാനിച്ചിട്ടുണ്ട്. കോഴി മുട്ടയും കോഴിയും ഈ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി അധികൃതരും തീരുമാനിച്ചു.