കുവൈത്ത് സിറ്റി:  കുവൈത്തിൽ എയ്ഡ്‌സ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ കണ്ടെത്തിയ നിരവധി വിദേശികളെ നാട് കടത്തി. രാജ്യത്ത് എത്തിയ വിദേശികളിൽ നടത്തിയ ആരോഗ്യ പരിശോധനയിലാണ് 23,000ത്തിലേറെ വിദേശികളിൽ മാരകമായ രോഗബാധ കണ്ടെത്തിയത്.

വിദേശികൾക്കു താമസരേഖ അനുവദിക്കുന്നതിന് മുമ്പ് കർശനമായ ആരോഗ്യ പരിശോധന നടത്തി ഉറപ്പ് വരുത്തിയതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കുന്നത്. ആരോഗ്യ പരിശോധനയിലാണ് എയിഡ്സ് ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 23,733  വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

2010 – 2019 കാലയളവിലെ കണക്കനുസരിച്ചാണ് ഇത്രയും വിദേശികളിൽ രോഗം കണ്ടെത്തി പുറത്താക്കിയത്. അതേസമയം പുറത്താക്കപ്പെട്ടവരില്‍ 2,111 പേര്‍ക്ക് എയിഡ്സ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ, മലേറിയ, ഫൈലേറിയാസിസ്, ട്യൂബര്‍ക്കുലോസിസ്, ഹെപ്പറ്റൈറ്റ്‌സ് ബി, സി എന്നീ മാരക രോഗങ്ങൾ കണ്ടെത്തിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.