കുവൈത്ത് സിറ്റി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ കുവൈത്തിൽ കർഫ്യു ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഭാഗികമോ, സമ്പൂർണ്ണ കർഫ്യുവിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കൊറോണ എമർജൻസി സുപ്രീം കൗൺസിൽ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമം റിപ്പോർട്ട്‌ ചെയ്തു.

ഒമിക്രോൺ ആശങ്കകളുടെ അടിസ്ഥാനത്തിൽ വിമാനത്താവളം അടക്കുന്നത് ഉൾപ്പെടെ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തൽ. കോവിഡ് വകഭേദമായ ഒ​മി​ക്രോ​ൺ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്ത് ഭാഗികമായോ പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്ത് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് പ്രതിരോധ നടപടികൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് രോഗം പടരാതിര്ക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ നടപടികളും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

സൗദിയിൽ ഇന്ന് ആദ്യ ഒമിക്രോൺ വകഭേദം റിപ്പോർട്ട്‌ ചെയ്തിരുന്നു. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയെ സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ സ്ഥിരീകരണമാണു ഇപ്പോൾ ഗൾഫ്‌ മേഖലയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതെന്ന് കൊറോണ ഉന്നത അവലോകന സമിതി ചെയർമ്മാൻ ഡോ. ഖാലിദ്‌ അൽ ജാറല്ല അഭിപ്രായപ്പെട്ടു. കുവൈത്ത് ആരോഗ്യമന്ത്രി ഡോ.ബാസിൽ അൽ സബാഹ് ഉന്നത ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചിച്ചു ശക്തമായ പ്രതിരോധ നടപടികൾക്ക് നിർദേശം നൽകി.