കുവൈത്ത്‌സിറ്റി: സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ സാമ്പത്തിക-പങ്കാളിത്ത സഖ്യം രൂപവത്കരിച്ചതായി യു.എ.ഇ. ചൊവ്വാഴ്ച അറിയിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) അംഗരാജ്യമായ ഖത്തറുമായുള്ള നയതന്ത്ര തലത്തിലെ ഭിന്നതകളെത്തുടര്‍ന്നാണ് യു.എ.ഇ.യുടെ നീക്കമെന്നാണ് സൂചന. ജി.സി.സി.യുടെ പ്രാധാന്യത്തെ അട്ടിമറിക്കുന്ന നടപടിയാണിത്.

ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ജി.സി.സി. അംഗരാജ്യങ്ങള്‍. കുവൈത്ത് സിറ്റിയില്‍ ജി.സി.സി. സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്പാണ് സൗദിയുമായുള്ള സഖ്യത്തെക്കുറിച്ച് യു.എ.ഇ. പ്രസ്താവന നടത്തിയത്. പുതിയ സംയുക്ത സഹകരണസഖ്യത്തെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായെദ് അല്‍ നഹ്യാന്‍ അംഗീകരിച്ചതായി യു.എ.ഇ. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഖ്യത്തെക്കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച അവസാനിക്കേണ്ട ജി.സി.സി. സമ്മേളനം ചൊവ്വാഴ്ച തന്നെ പിരിഞ്ഞു.

പുതിയസഖ്യത്തില്‍ ചേരാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യം യു.എ.ഇ. വ്യക്തമാക്കിയിട്ടില്ല. 1981-ലാണ് അമേരിക്കയുമായി അടുപ്പമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്ന് ജി.സി.സി. രൂപവത്കരിച്ചത്.