കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ തന്നെ ശക്തമായ വാണിജ്യകേന്ദ്രമായി കുവൈത്ത് തിരിച്ചെത്തിയതായി പ്രമുഖ സാമ്പത്തിക സെന്റര്‍ മര്‍ക്കസ് റിപ്പോര്‍ട്ട്. സാമ്പത്തിക അച്ചടക്കത്തിനും നിയന്ത്രണത്തിനും വിധേയമായ കുവൈത്ത് 2017 ല്‍ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്.   2017 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകളനുസരിച്ച് 13% വളര്‍ച്ചയോടെയാണ് കുവൈത്ത് തിരിച്ചെത്തിയത്. 

എഫ്.ടി.എസ്.ഇ. ഇന്‍ഡക്‌സില്‍ കുവൈത്ത് 2018 ല്‍ വന്‍സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.  ഭക്ഷ്യമേഖലയില്‍ ജിസിസി രാജ്യങ്ങളുടെ ഉത്പാദന ശേഷി കണക്കാക്കുന്ന സാമ്പത്തിക നിക്ഷേപക അഡൈ്വസറി കമ്പനി 'ആല്‍പന്‍ ക്യാപിറ്റല്‍' റിപ്പോര്‍ട്ടനുസരിച്ച് 2016 മുതല്‍ 2021 കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഭക്ഷ്യമേഖലയില്‍ കൈവരിക്കുന്ന രാജ്യം കുവൈത്തായിരിക്കും. 5.5% വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
  
ഇക്കോണമിക് ഇന്റലിജന്‍സ് റിസര്‍ച്ച് റിപ്പോര്‍ട്ടനുസരിച്ച് 2017 ലെ 26-ാമത് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ ഇന്‍ഡക്‌സ് അനുസരിച്ച് അറാബ് മേഖലയില്‍ കുവൈത്താണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് യു.എ.ഇ.യും തൊട്ടടുത്ത് ലെബനനും സൗദി അറേബ്യയുമാണ്. അതേസമയം 2017 ല്‍ കൈവരിച്ച ഗള്‍ഫിലെ ബെസ്റ്റ് പെര്‍ഫോമിംഗ് മാര്‍ക്കറ്റ് എന്ന പദവി 2018 ലും തുടരുന്നതിനുള്ള സാമ്പത്തിക പദ്ധതികള്‍ക്കാണ് വിദഗ്ദ്ധരടങ്ങുന്ന സാമ്പത്തിക സമിതിയുടെ നിര്‍ദേശം.