കുവൈത്ത് സിറ്റി: കുവൈത്തിലെ വര്‍ധിച്ച വിമാന ടിക്കറ്റ് നിരക്കിനെതിരെ കുവൈത്ത് പാര്‍ലമെന്റ് അംഗം. മധ്യവേനല്‍ അവധിക്ക് ശേഷം കുവൈത്തില്‍ നിന്നുള്ള വിമാന നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്നതിന് പിന്നിലുള്ള കാരണം വ്യക്തമാക്കണമെന്ന് കുവൈത്ത് ധനകാര്യമന്ത്രിയോട് പാര്‍ലമെന്റ് അംഗം ഹിഷാം അല്‍ സലേഹ് ആവശ്യപ്പെട്ടു. ഈദ് അല്‍ അഥക്കും മധ്യവേനല്‍ അവധിക്കും ശേഷം കുവൈത്തിലെ വിമാന നിരക്ക് റെക്കോര്‍ഡ് വര്‍ധനവ് സൃഷ്ടിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ചോദ്യോത്തര വേളയില്‍ ഉന്നയിച്ചു. വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ ശേഷി ഉയര്‍ത്തുന്ന കാര്യത്തിലും ഉടന്‍ പരിഹാരം ഉണ്ടാകണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്നാണ് ട്രാവല്‍-ടൂറിസം മേഖലയിലുള്ളവരുടെ നിഗമനം. നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതോടെ ഈജിപ്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉണ്ടായിരുന്ന നിരക്കിനേക്കാള്‍ 30% വരെ കുറവ് ഇതിനകം പ്രകടമായിട്ടുണ്ടെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം.

സെപ്റ്റംബര്‍ അവസാനിക്കുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്നും, അതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന പതിവ് നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുമെന്നുമാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ നിഗമനം.