കുവൈത്ത് സിറ്റി: മയക്കമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 450 വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് കൈമാറിയതായി കുവൈത്ത് അഭ്യന്ദരമന്ത്രാലയം. 2021 മുതല്‍ മയക്കു മരുന്ന് കേസുകളില്‍ പിടിയിലായവരെയാണ് തുടര്‍ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട് കടത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈ മാറിയതെന്ന് ആഭ്യന്തര മന്ത്രാലയം ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം വെളിപ്പെടുത്തി.

മയക്കു മരുന്ന് കേസുകളില്‍ പിടിയിലായ 450 പേരെ കൂടാതെ 2021 മുതല്‍ വിവിധ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെട്ട് പിടിയിലായ 7,000 വിവിധ രാജ്യക്കാരെ ഈ കഴിഞ്ഞ 5 മാസത്തിനിടയില്‍ നാട് കടത്തിയതയും ഉന്നത സുരക്ഷാ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നാട് കടത്തിയ വിദേശികളില്‍ ഭൂരിഭാഗവും ചെറിയ തോതിലെങ്കിലും മയക്കുമരുന്നുമായി പിടിയിലായവരാണ്.

മയക്കു മരുന്ന് ഉപയോഗത്തിന്റെ അപകട സാധ്യതകള്‍ ജനങ്ങളില്‍ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ പിടിയിലായവരെ നാട് കടത്തിയത് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.