കുവൈത്ത് സിറ്റി: കുവൈത്തില്‍ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്ത് സര്‍ക്കാരും കുവൈത്ത് ജനതയും. സിയോണിസ്റ്റുകളുടെ കൂട്ടക്കൊലക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനവുമായി കുവൈത്ത് ജനത.
പലസ്തീന്‍ ജനതക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് കാബിനറ്റിന്റെ അടിയന്തിര യോഗം തീരുമാനിച്ചു.

പലസ്തീന്‍ ജനതയോട് സിയോണിസ്റ്റുകള്‍ കാണിക്കുന്ന അതീവ ക്രൂരമായ നരനായിട്ടിനെ ക്യാബിനറ്റ് വിമര്‍ശിച്ചു.കൂടാതെ സിയോണിസ്റ്റുകള്‍ പലസ്തീന്‍ ജനതക്കെതിരെ നടത്തിവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ലോക രാഷ്ട്രങ്ങളുടെ അടിയന്തിര ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും ക്യാബിനറ്റ് ആവശ്യപ്പെട്ടു.

ഗാസയില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത.നിരവധി പലസ്തീന്‍ സഹോദരങ്ങളോട് സിയോണിസ്റ്റുകള്‍ നടത്തിയ മനുഷ്യത്വ രഹിതമായ പ്രവൃത്തിയെ അപലപിക്കുന്നതായി കുവൈത്ത് വിദേശ കാര്യ മന്ത്രി ഷേയ്ഖ് ഡോ.അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ക്യാബിനറ്റ് യോഗാനന്തരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ഗാസാ സിറ്റിയിലെ കുവൈത്ത് വക സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ സിയോണിസ്റ്റുകള്‍ വരുത്തിയ കേടുപാടുകളില്‍ പ്രതിഷേധിച്ച് കുവൈത്ത് ജനത പ്രകടനം സംഘടിപ്പിച്ചു.

കുട്ടികളും സ്ത്രീകളുമടക്കം നൂറു കണക്കിന് പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായി റാലിയില്‍ പങ്കെടുത്തു. ഇസ്രായേല്‍ അക്രമങ്ങള്‍ക്കെതിരെ കുവൈത്ത് സര്‍ക്കാരും കുവൈത്ത് ജനതയും പലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ചു.