കുവൈത്ത് സിറ്റി: ഇന്ത്യക്ക് സഹായവുമായി കുവൈത്ത്. ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ സഹായവും ഇന്ത്യയില്‍ എത്തിക്കുമെന്നു അടിയന്തിര കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ആവശ്യമുള്ള ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ സഹായവും ഉടന്‍ എത്തിക്കാന്‍ ഇന്നു ചേര്‍ന്ന ക്യാബിനറ്റ് തീരുമാനിച്ചു.

സുഹൃത്ത് രാജ്യമായ ഇന്ത്യക്ക് എല്ലാവിധ മെഡിക്കല്‍ സഹായവും നല്‍കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,49,691 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിരവധി മരണങ്ങളും. കൂടാതെ മുംബൈ ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി എല്ലാവിധ മെഡിക്കല്‍ സഹായവും എത്തിക്കുന്നതിനു കുവൈത്ത് സന്നദ്ധത അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നതില്‍ മന്ത്രിസഭ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. കൂടാതെ സുഹൃത്ത് രാജ്യമായ ഇന്ത്യന്‍ ജനതക്ക് എല്ലാവിധത്തിലുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിനോടൊപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റു മെഡിക്കല്‍ സഹായവും ഉടന്‍ എത്തിക്കുന്നതിനും കാബിനറ്റ് തീരുമാനിച്ചു.