കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായ ആഘോഷപരിപാടികളോടെ കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്നു. വ്യത്യസ്തമായ കലാപരിപാടികളോടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികം സംഘടിപ്പിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജാണ് അറിയിച്ചത്. മാര്‍ച്ച് 31ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ പൂര്‍ണ്ണായും കൊറോണ പ്രോട്ടോകോള്‍ പാലിച്ചാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം ആഘോഷിക്കുന്നതെന്നും സ്ഥാനപതി വ്യക്തമാക്കി. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യ പൈതൃകം, ഉത്സവങ്ങള്‍, സ്വതന്ത്ര്യസമര സേനാനികളുടേയും ദേശീയ സമര നേതാക്കളുടെയും ജീവിതവും സംഭാവനകളും എന്നിവ ആഘോഷത്തിന്റെ മുഖ്യാകര്‍ഷണങ്ങളാകുമെന്നും സ്ഥാനപതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.